ഹിപ്പൊച്ചേട്ടന്‍

ഹിപ്പൊ,യിപ്പൊപ്പൊട്ടും മട്ടില്‍
നില്പാണമ്മൊ, പൊട്ടക്കുട്ടന്‍
പുല്ലിന്‍ കെട്ടു നിറയ്ക്കണ കുട്ട
കല്ലുകള്‍ ചുറ്റു,മടുക്കിയ കോട്ട
എന്നൊക്കെ,ക്കളിയാക്കീടട്ടെ
കുട്ടികളെന്നും ഹിപ്പൊച്ചേട്ടാ..

ആളൊരിക്കലും കേറാത്ത വണ്ടി

ആളൊരിക്കലും കേറാത്ത വണ്ടി
ആയിരം കാലിലോടുന്ന വണ്ടി
ആളുതൊട്ടാല്‍ ചുരുളുന്ന വണ്ടി
ആരു ചൊല്ലും ഇതേതാണു വണ്ടി..?

കുഞ്ഞിപ്പൂച്ച

പൂച്ചേ പൂച്ചേ കുഞ്ഞിപ്പൂച്ചേ
വെള്ളയുടുപ്പില്‍ നടക്കും പൂച്ചേ
പമ്മിപ്പമ്മി പാലു കുടിച്ചും
എലിയെക്കണ്ടാലോടിയൊളിച്ചും
മേശക്കീഴില്‍ കാലു പിണച്ചും
മ്യാവൂ മ്യാവൂ കരയും പൂച്ചേ
ഒച്ചേം ബഹളോം നീയിനി വച്ചാ-
ലച്ഛന്‍ നിന്നെത്തല്ലും പൂച്ചേ…

കളിക്കുടുക്ക,1-15 മാര്‍ച്ച്‌ 1998

പാമ്പന്‍ചേട്ടനെ പറ്റിച്ചേ…

പേക്രോം പേക്രോം തവളച്ചാര്‍
‍പാട്ടും പാടിപ്പോകുമ്പോള്‍
‍പൊന്തക്കാട്ടില്‍ പമ്മിയിരു‍ന്നൊരു
പാമ്പന്‍ ചേട്ടന്‍ പറയുന്നൂ
“പച്ചയുടുപ്പിട്ടാടിപ്പാടി-
ച്ചാടി വരുന്നൊരു തവളക്കുട്ടനെ
വായിലൊതുക്കും ഞാന്‍”
പൊന്തക്കാടിന്‍ വെളിയില്‍ കണ്ടൂ
പാമ്പിന്‍ വാലാ തവളച്ചാര്‍
‍ഒറ്റച്ചാട്ടം പാമ്പന്‍ ചേട്ടനെ
പറ്റിച്ചോടി തവളച്ചാര്‍

കളിക്കുടുക്ക 1-15 ഡിസംബര്‍ 1997

ആമ

ചട്ടയണിഞ്ഞിന്നെങ്ങോട്ടാ..?
പട്ടാളത്തില്‍ ചേര്‍ന്നോ നീ..?

ചട്ടീം വാങ്ങീ വീട്ടില്‍ പോണോ..?
കട്ടിയുടുപ്പിതു തുന്നിച്ചോ..?

കളിക്കുടുക്ക, 1-15 ജനുവരി 1998