Posted on October 7, 2007 by Raji Chandrasekhar
ഒന്നേ കൊന്നേ,ലൊന്നാം കൊമ്പില്‍
പൊന്നിന്‍ പൂങ്കുലയൊന്നുണ്ടേ
രണ്ടേ കണ്ടോ പൂവിന്‍ തണ്ടില്‍
വണ്ടുകള്‍ പണ്ടേ രണ്ടുണ്ടേ
മൂന്നേ മുത്തേ മാവിന്‍ കൊമ്പില്‍
മൂളും മൂങ്ങകള്‍ മൂന്നുണ്ടേ
നാലേ,യോലയിലൂഞ്ഞാലാടും
ഓലേഞാലികള്‍ നാലുണ്ടേ
അഞ്ചേയാലിന്‍ തുഞ്ചത്താടി-
ക്കൊഞ്ചും കിളികളുമഞ്ചുണ്ടേ
ആറേ ദൂരത്താറിന്നരികില്‍
പാറും പറവകളാറുണ്ടേ
ഏഴേ തോഴീ വാര്‍മഴവില്ലി-
ന്നഴകേകും നിറമേഴുണ്ടേ
എട്ടേ തൊട്ടാലുടനേ വാടും
തോട്ടാവാടികളെട്ടുണ്ടേ
ഒമ്പതിനമ്പോ കൊമ്പു കുലുക്കും
വമ്പുകളൊമ്പതു പേരുണ്ടേ
പത്തേ പുത്തരി തത്തിക്കൊത്തും
പച്ചതത്തകള്‍ പത്തുണ്ടേ
Filed under: കണക്കുപാട്ടുകള്, ബാലകവിതകള്‍ | 1 Comment »
Posted on October 7, 2007 by Raji Chandrasekhar
എണ്ണാ,മുണ്ണികളോടി വരൂ
വന്നാ,ലെണ്ണാ,മെല്ലാര്‍ക്കും
ഒന്നേ പൂവിന്‍ പുന്നാരം
രണ്ടേ വണ്ടിന്‍ കിന്നാരം
മൂന്നേ മുയലിന്‍ ചെവിനീട്ടം
നാലേ നായുടെ വാലാട്ടം
അഞ്ചേ കൊഞ്ചും മൊഴിമേളം
ആറേ ആറിന്‍ കുളിരോളം
ഏഴേ,യഴകിന്‍ നിറവെട്ടം
എട്ടേ,യട്ടച്ചുരുള്‍ വട്ടം
ഒമ്പതൊരമ്പിന്‍ ശരവേഗം
പത്തേ പോത്തിന്‍ പടയോട്ടം
Filed under: കണക്കുപാട്ടുകള്, ബാലകവിതകള്‍ | 1 Comment »
Posted on October 6, 2007 by Raji Chandrasekhar
അയ്യപ്പ,നിന്നപ്പം ചുട്ടപ്പം
കുട്ടപ്പനെണ്ണീ,യെട്ടപ്പം
കുട്ടപ്പന്‍ കാണാതെ രണ്ടപ്പം
തട്ടിയെടുത്തൂ കാക്കച്ചി
അയ്യപ്പന്‍ പോയപ്പം പൂച്ചമ്മ
പയ്യെ,ത്തിന്നതു മൂന്നപ്പം
കുട്ടപ്പന്‍ കൂട്ടിലെ പട്ടിക്കും
ഇട്ടു കൊടുത്തൂ രണ്ടപ്പം
അയ്യപ്പനപ്പത്തിലൊന്നു തിന്നൂ
കുട്ടപ്പനപ്പങ്ങളെത്ര ബാക്കി.
Filed under: ആള്പ്പാട്ടുകള്, കണക്കുപാട്ടുകള്, ബാലകവിതകള്‍ | Leave a Comment »
Posted on December 14, 2006 by Raji Chandrasekhar
ഒന്നേ ഒന്നേ പതിനൊന്നേ
രണ്ടേ രണ്ടേ പന്ത്രണ്ടേ
മൂന്നേ മൂന്നേ പതിമൂന്നേ
നാലേ നാലേ പതിനാലേ
അഞ്ചേ അഞ്ചേ പതിനഞ്ചേ
ആറേ ആറേ പതിനാറേ
ഏഴേ ഏഴേ പതിനേഴേ
എട്ടേ എട്ടേ പതിനെട്ടേ
കളിച്ചെപ്പ്, ഫെബ്രുവരി 1998
Filed under: കണക്കുപാട്ടുകള്, ബാലകവിതകള്‍ | 3 Comments »
Posted on December 14, 2006 by Raji Chandrasekhar
ഒന്നേ, രണ്ടേ, മൂന്നേ, നാലെ-
ന്നോണാപ്പൂക്കള്‍ ചിരിക്കുമ്പോള്‍
അഞ്ചേ, ആറെ,ന്നാടിപ്പാടി-
പ്പൂക്കളിറുക്കാന്‍ കൊതിയുണ്ടോ…
ഏഴേ,യെട്ടെ,ന്നെണ്ണിയെടുക്കാ-
നെന്നോടൊപ്പം പോരുന്നോ
ഒമ്പത്, പത്തെ,ന്നത്തപ്പൂക്കള-
മൊത്തു രചിക്കാം മുറ്റത്ത്..
കളിക്കുടുക്ക, 4 സെപ്റ്റംബര്‍ 1998
Filed under: ഓണപ്പാട്ടുകള്‍, കണക്കുപാട്ടുകള്, ബാലകവിതകള്‍ | Leave a Comment »
Posted on December 14, 2006 by Raji Chandrasekhar
മൂങ്ങകള്‍ മൂന്നൊരു മാവിന്‍കൊമ്പില്‍
മൂളീക്കൂടിയിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂന്നും മൂന്നും ആറായ് മൂങ്ങകള്‍
മൂളിക്കൂടിയിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ മൂന്നും മൂങ്ങകളാറും ചേര്‍ന്നാ
മൂങ്ങകളൊമ്പതിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോമൂങ്ങകളൊമ്പതുമൊപ്പം മൂന്നും
മൂങ്ങകള്‍ പന്ത്രണ്ടായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പന്ത്രണ്ടൊപ്പം മൂന്നും
മൂങ്ങകള്‍ പതിനഞ്ചായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പതിനഞ്ചൊപ്പം മൂന്നും
മൂങ്ങകള്‍ പതിനെട്ടായപ്പോള്‍
മാങ്ങപറിക്കാന്‍ വന്നവരൊക്കെ
മാങ്ങയുമായിപ്പോകുന്നൂ…
കളിക്കുടുക്ക,
Filed under: കണക്കുപാട്ടുകള്, കഥപ്പാട്ടുകള്‍, ബാലകവിതകള്‍ | Leave a Comment »
Posted on December 14, 2006 by Raji Chandrasekhar
ഒന്നേ രണ്ടേ മിണ്ടണ്ട
മൂന്നേ നാലേ നോക്കണ്ട
അഞ്ചേ ആറേ ആടണ്ട
ഏഴേ എട്ടേ എണ്ണണ്ട
ഒന്‍പതേ പത്തേ ഓടിക്കോ
കളിക്കുടുക്ക 16-31 ഡിസംബര്‍ 1997
Filed under: കണക്കുപാട്ടുകള്, ബാലകവിതകള്‍ | Leave a Comment »
Posted on December 11, 2006 by Raji Chandrasekhar
ഒന്നുമൊന്നും രണ്ട്
പൂവിലുണ്ടു വണ്ട്
രണ്ടും രണ്ടും നാല്
അച്ഛനിട്ടൊരൂഞ്ഞാല്‍
മൂന്നും മൂന്നും ആറ്
അമ്മ വച്ച സാമ്പാര്
നാലും നാലും എട്ട്
തൂശനില വെട്ട്
അഞ്ചും അഞ്ചും പത്ത്
പന്തുരുട്ടാമൊത്ത്
കളിക്കുടുക്ക, 23 ഒക്ടോബര്‍ 1998
Filed under: ഓണപ്പാട്ടുകള്‍, കണക്കുപാട്ടുകള്, ബാലകവിതകള്‍ | Leave a Comment »
Posted on December 11, 2006 by Raji Chandrasekhar
ഒന്നിനു വേഗമെഴുന്നേല്‍ക്കാംരണ്ടിനു കൈകള്‍ നീട്ടീടാംമൂന്നിനു മുന്നില്‍ നിന്നീടാം
നാലിനു നന്നായ് പാടീടാം
അഞ്ചിനു ബഞ്ചിലിരുന്നീടാം
ആറിനി,രുന്നൊന്നാടീടാം
ഏഴിനു വീണ്ടുമെണീറ്റീടാം
എട്ടിനു മുട്ടു മടക്കീടാം
ഒമ്പതിനമ്പു തൊടുത്തീടാം
പത്തിനു വിത്തു വിതച്ചീടാം
കളിച്ചെപ്പ്, മാര്‍ച്ച് 1999
Filed under: ആംഗ്യപ്പാട്ടൂകള്, കണക്കുപാട്ടുകള്, ബാലകവിതകള്‍ | 2 Comments »