അപ്പം ചുട്ടപ്പം

അയ്യപ്പ,നിന്നപ്പം ചുട്ടപ്പം
കുട്ടപ്പനെണ്ണീ,യെട്ടപ്പം

കുട്ടപ്പന്‍ കാണാതെ രണ്ടപ്പം
തട്ടിയെടുത്തൂ കാക്കച്ചി

അയ്യപ്പന്‍ പോയപ്പം പൂച്ചമ്മ
പയ്യെ,ത്തിന്നതു മൂന്നപ്പം

കുട്ടപ്പന്‍ കൂട്ടിലെ പട്ടിക്കും
ഇട്ടു കൊടുത്തൂ രണ്ടപ്പം

അയ്യപ്പനപ്പത്തിലൊന്നു തിന്നൂ
കുട്ടപ്പനപ്പങ്ങളെത്ര ബാക്കി.

എന്നും

കുഞ്ഞേ കാലത്തുണരേണം
നന്നായ് പല്ലുകള്‍ തേയ്ക്കേണം
വേഗം കുളിയതു തീര്‍ക്കേണം
ദേവനു മുന്നില്‍ നമിക്കേണം
പാപ്പമെടുത്തു കഴിക്കേണം
പാഠമുറക്കെച്ചൊല്ലേണം
നല്ലൊരുടുപ്പൊന്നണിയേണം
മെല്ലെ സ്കൂളില്‍ പോകേണം

ചാക്കോച്ചനും ചാരുകസേരയും

ചാരു കസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ
ചാരു കസേരയില്‍ ചാരിക്കിടക്കുമ്പോള്‍
‍ചാക്കോച്ചന്‍ വീഴുന്നൂ
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ

കളിക്കുടുക്ക, 28 മേയ്‌ 1999

ത്രാസ്‌

പത്രോസ്സു ചേട്ടന്റെ റേഷന്‍ കടയിലെ
പാത്രങ്ങള്‍ കൊണ്ടുള്ള ത്രാസ്സു കണ്ടോ
പൊങ്ങുന്നൊരു പാത്രം താഴുന്നൊരു പാത്രം
അങ്ങോട്ടുമിങ്ങോട്ടും സൂചിയാട്ടം

കളിക്കുടുക്ക,1-15 മേയ്‌1998

അപ്പൂപ്പനും പിള്ളേരും

പല്ലില്ലാത്തോരപ്പൂപ്പന്‍‌
‍പാക്കു ചവയ്ക്കണ കണ്ടപ്പോള്‍‌
പിള്ളേരെല്ലാം മുറ്റത്ത്‌‌
പീപ്പീയൂതിക്കളിയാക്കീ‌
കളിക്കുടുക്ക,18 ജൂണ്‍1999

വേലപ്പന്‍

വടയും വാങ്ങീ വേലപ്പന്‍വടിയൊന്നൂന്നി വരും വഴിയേവടിയും വേലീം പിടിവലിയായ്‌
വീണൂ വഴിയില്‍ വേലപ്പന്‍

കളിക്കുടുക്ക, 2 ജൂലൈ 1999