കൊന്നപ്പൂങ്കുല

ഒന്നേ കൊന്നേ,ലൊന്നാം കൊമ്പില്‍
പൊന്നിന്‍ പൂങ്കുലയൊന്നുണ്ടേ
രണ്ടേ കണ്ടോ പൂവിന്‍ തണ്ടില്‍
വണ്ടുകള്‍ പണ്ടേ രണ്ടുണ്ടേ
മൂന്നേ മുത്തേ മാവിന്‍ കൊമ്പില്‍
മൂളും മൂങ്ങകള്‍ മൂന്നുണ്ടേ
നാലേ,യോലയിലൂഞ്ഞാലാടും
ഓലേഞാലികള്‍ നാലുണ്ടേ
അഞ്ചേയാലിന്‍ തുഞ്ചത്താടി-
ക്കൊഞ്ചും കിളികളുമഞ്ചുണ്ടേ
ആറേ ദൂരത്താറിന്നരികില്‍
പാറും പറവകളാറുണ്ടേ
ഏഴേ തോഴീ വാര്‍മഴവില്ലി-
ന്നഴകേകും നിറമേഴുണ്ടേ
എട്ടേ തൊട്ടാലുടനേ വാടും
തോട്ടാവാടികളെട്ടുണ്ടേ
ഒമ്പതിനമ്പോ കൊമ്പു കുലുക്കും
വമ്പുകളൊമ്പതു പേരുണ്ടേ
പത്തേ പുത്തരി തത്തിക്കൊത്തും
പച്ചതത്തകള്‍ പത്തുണ്ടേ

എണ്ണാ,മെല്ലാര്‍ക്കും

എണ്ണാ,മുണ്ണികളോടി വരൂ
വന്നാ,ലെണ്ണാ,മെല്ലാര്‍ക്കും

ഒന്നേ പൂവിന്‍ പുന്നാരം
രണ്ടേ വണ്ടിന്‍ കിന്നാരം

മൂന്നേ മുയലിന്‍ ചെവിനീട്ടം
നാലേ നായുടെ വാലാട്ടം

അഞ്ചേ കൊഞ്ചും മൊഴിമേളം
ആറേ ആറിന്‍ കുളിരോളം

ഏഴേ,യഴകിന്‍ നിറവെട്ടം
എട്ടേ,യട്ടച്ചുരുള്‍ വട്ടം

ഒമ്പതൊരമ്പിന്‍ ശരവേഗം
പത്തേ പോത്തിന്‍ പടയോട്ടം

ഫാന്‍

മണമില്ലാത്തൊരു പൂവാണേ
മധുവില്ലാത്തൊരു പൂവാണേ
മച്ചില്‍ തൂങ്ങണ പൂവാണേ
മൂവിതളുള്ളൊരു പൂവാണേ
മേലെ,പ്പൂവിതു ചുറ്റുമ്പോള്‍
മലര്‍ന്നുറങ്ങാന്‍ സുഖമാണേ

ഹിപ്പൊച്ചേട്ടന്‍

ഹിപ്പൊ,യിപ്പൊപ്പൊട്ടും മട്ടില്‍
നില്പാണമ്മൊ, പൊട്ടക്കുട്ടന്‍
പുല്ലിന്‍ കെട്ടു നിറയ്ക്കണ കുട്ട
കല്ലുകള്‍ ചുറ്റു,മടുക്കിയ കോട്ട
എന്നൊക്കെ,ക്കളിയാക്കീടട്ടെ
കുട്ടികളെന്നും ഹിപ്പൊച്ചേട്ടാ..

കട്ടില്‍

നാലു കാലുള്ളവന്‍
നാവനക്കാത്തവന്‍
നാമുറങ്ങീടുവാന്‍
നമ്മെ,ച്ചുമക്കുവോന്‍

ട്യൂബു ലൈറ്റ്

വെളുവെളെ മിന്നണ തീക്കട്ട
വെട്ടം തൂകണ,തീക്കട്ട

ടി. വി.

കണാ,മാട്ടം പാട്ടും കൂത്തും
ഓണക്കളികള്‍ സിനിമകളും
വേണേലല്പം വാര്‍ത്തയുമാകാം
ഓണാക്കട്ടെ ടി വി ഞാന്‍

അപ്പം ചുട്ടപ്പം

അയ്യപ്പ,നിന്നപ്പം ചുട്ടപ്പം
കുട്ടപ്പനെണ്ണീ,യെട്ടപ്പം

കുട്ടപ്പന്‍ കാണാതെ രണ്ടപ്പം
തട്ടിയെടുത്തൂ കാക്കച്ചി

അയ്യപ്പന്‍ പോയപ്പം പൂച്ചമ്മ
പയ്യെ,ത്തിന്നതു മൂന്നപ്പം

കുട്ടപ്പന്‍ കൂട്ടിലെ പട്ടിക്കും
ഇട്ടു കൊടുത്തൂ രണ്ടപ്പം

അയ്യപ്പനപ്പത്തിലൊന്നു തിന്നൂ
കുട്ടപ്പനപ്പങ്ങളെത്ര ബാക്കി.

എന്നും

കുഞ്ഞേ കാലത്തുണരേണം
നന്നായ് പല്ലുകള്‍ തേയ്ക്കേണം
വേഗം കുളിയതു തീര്‍ക്കേണം
ദേവനു മുന്നില്‍ നമിക്കേണം
പാപ്പമെടുത്തു കഴിക്കേണം
പാഠമുറക്കെച്ചൊല്ലേണം
നല്ലൊരുടുപ്പൊന്നണിയേണം
മെല്ലെ സ്കൂളില്‍ പോകേണം

കാറ്റ്

സ്വിച്ചിട്ടാലെന്നടുത്തോടിയെത്തും മെല്ലെ
മച്ചിലെ കാറ്റാടിപ്പൂവില്‍ നിന്നും
ഒച്ചയുണ്ടാക്കാതെന്‍ കണ്ണിമയ്ക്കുള്ളിലേ-
യ്ക്കൊച്ചിനെപ്പോലെ മയക്കമായി.