Posted on October 22, 2007 by Raji Chandrasekhar
കോവളം, കടലാകെ ശാന്ത-
മി,തെന്തു കാറ്റു കലമ്പിയോ !
കാവലായൊരു കോട്ട, മൌന-
മൊരുക്കിയോ സഖി ചുറ്റിലും.
നോവു, നിന്മിഴി,യോളമാലയി-
ലേങ്ങലായ് വിലയിക്കുവാ-
നാവണം മമ ജന്മമാ,യൊരു
തീരമായമരുന്നതും.
22-10-2007
Filed under: കവിത, ശ്ലോകങ്ങള്‍ | Tagged: കടല്‍, കാറ്റ്, കോവളം, തീരം, മിഴി, മൌനം, ശാന്തി | 1 Comment »
Posted on October 19, 2007 by Raji Chandrasekhar
മൌനം വജ്രകഠോരമായ് കരളിലേ-
യ്ക്കാഴ്ത്തും മഹാമൌനമേ
മൌനം കൊണ്ടുമൊഴുക്കു നീ നിനവിലും
സൌഹാര്‍ദ്ദതീര്‍ത്ഥങ്ങളെ
മൌനം മാമക ദേഹിയില്‍ വ്യഥകളായ്
തീര്‍ക്കുന്നതെന്തിന്നു നീ
മൌനം പൂണ്ടകലാന്‍ വിരോധമിവനോ-
ടെന്തേയുണര്‍ന്നാളുവാന്‍ !
Filed under: കവിത, ശ്ലോകങ്ങള്‍ | Leave a Comment »
Posted on October 9, 2007 by Raji Chandrasekhar
ഏട്ടാ, രാവിലെ,യെത്ര നേര,മവിടെ-
ക്കാത്തങ്ങു നിന്നാലു,മി-
ല്ലോട്ടോ റിക്ഷയൊരെണ്ണവും കയറുവാന്‍
ബസ്സോ വരുന്നില്ലതും
നെട്ടോട്ടം കുറയാനെനിക്കു,മുടനേ
ബൈക്കൊന്നു വാങ്ങേണ,മി-
ന്നോട്ടാനൊട്ടൊരു തട്ടുതന്നെ ചെറു കൈ-
ക്കുറ്റങ്ങളാര്‍ക്കും വരാം.
8-10-07
Filed under: കവിത, ശ്ലോകങ്ങള്‍ | 4 Comments »
Posted on October 8, 2007 by Raji Chandrasekhar
സമര,മതു കഴിഞ്ഞാലെത്തിടും നീ മനസ്സി-
ന്നമര,മമര,മെന്നും കാത്തിടാനോര്‍ത്തു ഞാനും
സമയമലയിളക്കും സാഗരം താണ്ടിടേണം
സമയ,മെവിടെ,യെന്നാ,ലെന്നടുത്തൊന്നിരിക്കാന്‍ !
Filed under: കവിത, ശ്ലോകങ്ങള്‍ | 2 Comments »
Posted on October 8, 2007 by Raji Chandrasekhar
തിങ്ങും കാന്തികലര്‍ന്നുഷസ്സിലൊരു പൂ-
വെന്നോണ,മെന്നോമലാള്‍
തങ്ങും കാനനവും കടല്ക്കരകളും
പൂവാടിയാണെന്നൊരാള്‍
എങ്ങും കാമമയൂഖമാല തിരളും
വൃന്ദാവനം പോലെ, ഞാന്‍
മുങ്ങും കാവ്യസരിത്തിലായ് വിരിയുമെന്‍
തങ്കക്കിനാവെന്നു ഞാന്‍
Filed under: കവിത, ശ്ലോകങ്ങള്‍ | 2 Comments »
Posted on October 8, 2007 by Raji Chandrasekhar
തീരം നീ,യവിടേയ്ക്കു വന്നണയുവാ-
നോളങ്ങളാകട്ടെ ഞാന്‍
നേരം നീ ഹൃദയത്തുടുപ്പിലലിയും
നേരായി മാറട്ടെ ഞാന്‍
താരം നീ,യരുണാഭ ചേര്‍ന്നു മരുവും
പൂവായ് മരിക്കട്ടെ ഞാന്‍
ചേരാന്‍ മാമക നോവു നിന്‍ തനുവിലെ-
ത്താരുണ്യപുഷ്പങ്ങളില്‍
Filed under: കവിത, ശ്ലോകങ്ങള്‍ | Leave a Comment »
Posted on October 6, 2007 by Raji Chandrasekhar
തീര്‍ത്തു നീ കലഹ,മാതുരോന്മദ,മകത്തു
തിങ്ങിടു,മൊരിണ്ടലായ്
ചേര്‍ത്തു നീ, പുതുനിലാവു തൂകിടു,മുദാര-
ഹാസ പനിനീരലര്‍
കോര്‍ത്തു നീ നവതുഷാരഹാരമണിയി-
ച്ചിടാനിവനെ, മോദമോ-
ടോര്‍ത്തു ഞാന്‍ പലതു,മോര്‍മ്മയെത്തഴുകു-
മോമലിന്നരിയ മൌനവും
Filed under: കവിത, ശ്ലോകങ്ങള്‍ | 4 Comments »
Posted on August 31, 2007 by Raji Chandrasekhar
എന്തിനിങ്ങനെ നിന്റെ ചുറ്റിലു-
മെന്നെ നീറ്റിടു,മോര്‍മ്മപോ-
ലന്തിയോളവു,മാര്‍ത്തലയ്ക്കണ-
മെന്നു ചിന്തകള്‍ ചോദ്യമായ്
പന്തിയല്ലിതു നിര്‍ത്തി, നിന്നുടെ
വാഴ്വിനെ,ക്കരകേറ്റുകെ-
ന്നന്തിയെത്തി, വിതുമ്പിടുന്നിനി,
മെല്ലെ ഞാന്‍ വിടവാങ്ങിടാം.
Filed under: കവിത, ശ്ലോകങ്ങള്‍ | 5 Comments »
Posted on August 27, 2007 by Raji Chandrasekhar
ഉള്ളം വറ്റി വരണ്ടതല്ല, കിണറി-
ന്നാഴത്തിലുണ്ടെപ്പൊഴും
വെള്ളം, കോരിയെടുക്കുവാ,നണയുവോര്‍-
ക്കെന്നും മൃദുസ്സാന്ത്വനം,
പൊള്ളും ഹൃത്തിനു,മാത്മശാന്തി പകരും
ജീവാമൃതം, നിത്യവും
നുള്ളും കൈകളിലുമ്മവയ്ക്കു,മലരാം
പൂപ്പുഞ്ചിരിത്തേന്‍കുടം.
Filed under: കവിത, ശ്ലോകങ്ങള്‍ | 8 Comments »
Posted on August 27, 2007 by Raji Chandrasekhar
വന്നെത്താ,നിനി,യെന്തമാന്ത,മിരുളില്‍-
ത്തപ്പിത്തടഞ്ഞീടുവോ-
നെന്നെത്തേടി നിതാന്ത വര്‍ണ്ണലയമേ
നീയെന്നു ചിന്തിച്ചു ഞാന്‍.
പിന്നെത്തോന്നി,യിതെന്തു ചിന്ത,യകമേ
നിന്മൌനമന്ത്രം നിറ-
ഞ്ഞെന്നെത്തന്നെ യുഗാന്ത,മോള,മലിവാം
നിന്നില്‍ ലയിപ്പിക്കവേ.
Filed under: കവിത, ശ്ലോകങ്ങള്‍ | 1 Comment »