നമ്മുടെ കുഞ്ഞുങ്ങള്‍

കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍, സാമ്പത്തികസമസ്യകളുടെ അര്‍ത്ഥസങ്കീര്‍ണ്ണതകള്‍ക്കിടയില്‍, ‍ആധുനികതലമുറ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഉജ്ജ്വലഭാവിയെക്കുറിച്ചോ അവരുടെ മാനസികവും വൈകാരികവുമായ വികാസത്തെക്കുറിച്ചോ  അവരില്‍ രൂപപ്പെടേണ്ട സ്വഭാവവൈശിഷ്ട്യങ്ങളെക്കുറിച്ചോ ചിന്തിക്കുവാന്‍ പോലും സമയമില്ലാതെ നട്ടം തിരിയുകയാണ്. ശിശുക്കള്‍ നമ്മുടെ ഹൃദയത്തിന്റെതന്നെ ഭാഗമാണെന്ന വസ്തുത നാം മറന്നു പോകുന്നു. അവരുടെ ജീവിതയാത്രയില്‍ പാഥേയമാകത്തക്കവിധം നാം അവരെ സ്നേഹിക്കുകയും ലാളിക്കുകയും വേണം. അതോടൊപ്പം അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും കഴിയുന്നിടത്തോളം അവയെ നിറവേറ്റാന്‍ ശ്രമിക്കുകയും വേണം.

കുഞ്ഞുങ്ങള്‍ ജിജ്ഞാസയുടെ ജീവസ്രോതസ്സുകളാണ്. സാധാരണഗതിയില്‍ മാതാപിതാക്കളുടെ അവഗണനയും അശ്രദ്ധയും മൂലം കുഞ്ഞുങ്ങളുടെ സഹജ [...]

കളി രീതി

          പഠനം കളിയല്ല; എന്നാലത് കളിയിലൂടെയാകുന്നതാണ് നല്ലത്. കളി, കഥപറച്ചില്‍, പാട്ട്, നൃത്തം തുടങ്ങിയവ ഏതൊരു കുട്ടിയും ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. അവയെ നൈസര്‍ഗ്ഗിക വാസനയുടെ ബഹിര്‍സ്ഫുരണങ്ങളായിത്തന്നെ കണക്കാക്കണം. ഈ നൈസര്‍ഗ്ഗികവാസനകളുടെ ബലത്തിലാണ് കുട്ടിയുടെ പഠനം പുരോഗമിക്കുന്നത്. ഇതു മനസ്സിലാക്കുവാന്‍ നമ്മുടെ കുഞ്ഞുങ്ങളെത്തന്നെ നിരീക്ഷിച്ചാല്‍ മതി.  
          പാഠ്യവസ്തുവിനും നൈസര്‍ഗ്ഗിക വാസനകള്‍ക്കും അനുഗുണമായരീതിയില്‍ കേളീ സന്ദര്‍ഭങ്ങള്‍ അവര്‍ക്കൊരുക്കിക്കൊടുക്കുവാനാണ് നാം ശ്രദ്ധിക്കേണ്ടത്. കാരണം അവരുടെ സര്‍ഗ്ഗഭാവനകള്‍ വികസിക്കുന്നതും ആത്മാവിഷ്ക്കാരം നടക്കുന്നതും കളികളിലൂടെയാണ്. കളികളിലൂടെ കുട്ടികള്‍ പലതരത്തിലുള്ള കഴിവുകള്‍ നേടുന്നതോടൊപ്പംതന്നെ അവരുടെ ആര്‍ജ്ജിത [...]