നഗരപ്പേടി


എനിക്കു പേടി,യിച്ചതിക്കുഴികളെ-
യൊളിപ്പിക്കുമിടവഴികളെ,റോഡില്‍
വലിച്ചെറിഞ്ഞതാം പഴത്തൊലികളെ-
യെരിഞ്ഞു തീരാത്ത പുകച്ചുരുളിനെ
നിരത്തിലെ ചപ്പു ചവറിനെ,മനം
പിരട്ടുന്ന ഗന്ധം വമിക്കു,മോടയെ.

എനിക്കു പേടി,യീത്തിരക്കിനെ,
ബസ്സില്‍ കയറവെ,യേല്‍ക്കും ചവിട്ടിനെ,
പിന്നെ,യസഭ്യവര്‍ണ്ണത്തില്‍ കുതിര്‍ന്ന വാക്കിനെ
അസഹ്യമായ്‌ പൊന്തും വിയര്‍പ്പു നാറ്റത്തെ
നിരന്ന ക്യൂവിലു,മിടിച്ചിടിച്ചെന്നെ
മറികടക്കുന്ന ബലവാനെ, കണ്ടാല്‍
കരം കവരുന്ന സുഹൃത്തിനെ, പിന്നില്‍
പുലിനഖമാഴ്ത്തും ദൃഢാശ്ലേഷങ്ങളെ

എനിക്കുപേടിയെന്‍ മനസ്സിനെ, നിഴല്‍
നിറഞ്ഞ ചിന്തയെ, പിടി തരാതോടും
കനവിനെ, ഭ്രാന്തിന്‍ ചടുലവാക്കിനെ,
നിനവിനെ,ക്കരിമിഴികളെ- നിന്നെ.

എനിക്കു പേടിയിങ്ങൊരിറ്റു സാന്ത്വനം
പകര്‍ന്നു നല്‍കാത്ത മനുഷ്യനെ,
യേതൊ ശവം മണക്കുന്ന റയിലരുകീലായ്‌,
നിലാവൊഴുകുന്ന രജനിയില്‍ കാടി-
ന്നിരുള്‍ മറവിലാ,യൊരു നിമിഷത്തിന്‍
സുഖം പകര്‍ന്നിടും കൊടും വിശപ്പിനെ.

എനിക്കു പേടിയീ ഭയങ്ങളു,മുള്ളില്‍
പൊടിക്കാറ്റും പുക നിറഞ്ഞ വായുവു-
മൊടുങ്ങാത്ത ശബ്ദ ബഹളവും ഹോണും
നിറഞ്ഞു നില്‍ക്കു,മീ നഗരത്തെ- നമ്മെ..
30-12-1986

2 Responses

  1. പേടി മാറ്റാന്‍ ഞാനൊരു ചരട് ജപിച്ച് തരട്ടെ?
    ഇല്ലെങ്കില്‍ വക്കാരിയോട് പറഞ്ഞ് ഒരു ആനവാല്‍ മോതിരം വാങ്ങൂ.

    ഓ:ടോ:കവിത ഇഷ്ടപ്പെട്ടു.

  2. വളരെ ഇഷ്ടപ്പെട്ടു..

Leave a Reply