ഒരു വാലന്‍റയിന്‍ സ്മരണ
Posted on February 24, 2008 by Raji Chandrasekhar
1
ഈരിഴ പാറും കുറുനിര ചെറ്റൊന്നു
മാടിയൊതുക്കു,മിടതു കൈയ്യില്‍
ക്യാപ്പും പിടിച്ചു തല ചരിച്ചെന്നെ നീ
നോക്കുമ്പോഴാ മിഴി മിന്നിടുമ്പോള്‍
മുല്ലയിലോരോരോ മൊട്ടും വിരിയുന്ന
മഞ്ജു മനോഹര കാന്തിയോടെ
രാകേശനത്തെളിവാനത്തുനിന്നുകൊ-
ണ്ടെയ്യുന്ന ശോഭകള്‍ തീറെഴുതി
ആമ്പല്‍ക്കുളങ്ങളില്‍ മാരുതന്‍ മന്ദമായ്
തീര്‍ക്കും ചുഴിയൊന്നു സ്വന്തമാക്കി
ഇന്ദ്രചാപങ്ങളുരുക്കിയൊരുക്കിയി-
ട്ടിന്ദ്രിയമാകെ നീ ചാര്‍ത്തി നില്ക്കും
മന്ദസ്മിതാഭയില്‍ താരണിത്തെന്നലും
മന്ദനായ് തെല്ലിട നിന്നു പോകെ
ചില്ലി വള,ച്ചതികോപം നടിച്ചുകൊണ്ടെ-
ന്നിലേയ്ക്കെത്തിയ നീള്‍ മിഴികള്‍
നാണമാര്‍ന്നേതോ നിഗൂഢതലങ്ങളില്‍
താണു മറയുവാന്‍ വെമ്പിടുമ്പോള്‍..
പൂക്കുന്നൊരിച്ചെറു പുഞ്ചിരിയോടൊപ്പം
പാറുന്നു വര്‍ണ്ണങ്ങള്‍ നാലുപാടും.
2
കാലപ്രവാഹം ചിറകെട്ടി നിര്‍ത്തുന്നൊ-
രേതോ പരാക്രമമെന്നമട്ടില്‍
ഊഴിതന്‍ ശീലമാണെന്നു,മീ ഭീരുവാ-
മേഴയ്ക്കു കൈമുതലെന്ന ഭാവം
ഉള്ളില്‍ നിറച്ചുകൊണ്ടാമുടിക്കെട്ടില്‍ ഞാന്‍
ചെമ്പനീര്‍പ്പൂവൊന്നു ചൂടിടുമ്പോള്‍
പുഷ്പിച്ചിടട്ടെയെന്‍ മോഹമെന്നോര്‍ത്തു നീ-
യൊട്ടു,മനങ്ങാതിരുന്നിടുമ്പോള്‍
കണ്ണോടു കണ്ണുകളോതുന്ന കാര്യങ്ങ-
ളെന്തെന്നറിയുവാനുത്സുകരായ്
ചെഞ്ചുണ്ടു കൊഞ്ചുന്നു ചെറ്റു വിറയ്ക്കുന്നു
നെഞ്ചിടിപ്പെങ്ങും മുഴങ്ങിടുന്നൂ
പൂവില്‍ മധുബിന്ദുവൂറുന്നു ചാരത്തു
മൂളുന്നു വണ്ടൊന്നു മത്തനായി
മന്മഥനങ്ങേതോ കണാമറയത്തു
നിന്നു തൊടുക്കുന്നു പുഷ്പ ബാണം
സമ്മോദമാദരം പങ്കജം പൊയ്കയില്‍
സത്ക്കാരമേകുന്ന ഭാനു ബിംബം
ആലോലമാടും തിരകളിലൊപ്പമാ-
യാടുന്നു താമരയാകമാനം
എന്നപോലുന്മദ, മാടിയുലയുന്ന-
തെന്തിതു മാനസം രണ്ടുപേര്‍ക്കും….
Filed under: അകനിറവില്, കവിത






നല്ല കവിത
: )
നല്ല വരികള്‍ റജി
നല്ല കവിത, ലളിതവും.
ഏറെ സന്തോഷം സുഹൃത്തുക്കളേ….
ഹായ് നല്ല കവിത! നല്ല വാക്കുകള്‍, താളം, ഈണം…