Posted on April 29, 2008 by Raji Chandrasekhar
Posted on April 24, 2008 by Raji Chandrasekhar
ചിരപരിചിതം സൌഹൃദം സാന്ത്വനം
തളിരിടും നേ,രൊരാജന്മ സൌഭഗം.
പഴയ കാര്യങ്ങള്‍ കണ്മുന്നി,ലെന്തൊരു
ഹൃദയഭാര,മീ സ്നേഹക്കൊടുമുടി.
നിലവിളിക്കുന്നു കാവല്‍കോശങ്ങളും
പലനിലയ്ക്കും പൊലിഞ്ഞ വേഷങ്ങളും.
സമയദൂരങ്ങള്‍തന്‍ വിളിപ്പാടുകള്‍-
ക്കകലെ, നാം സ്മൃതിസ്പര്‍ശമേളം ലയം.
തലയില്‍ ന്യൂറോണ്‍ ത്രിമാനാങ്കനങ്ങളില്‍
മലര്‍മണം, നിന്‍ മണിസ്വനം കാഴ്ചകള്‍.
കവിത, കാലാന്ത ശൂന്യസ്ഥലാന്തരം
കവിയു,മെത്ര പ്രകാശവര്‍ഷങ്ങള്‍തന്‍
സ്പന്ദതാളം, തുളച്ചു കേറുന്നു നീ
നൊന്തുരുകും ശിഥിലകലകളില്‍.
വറുതി വാട്ടും വ്യഥ, വരള്‍ക്കണ്ണുകള്‍,
തരുക- വാഴ്വിന്നദൃശ്യമാം രശ്മികള്‍..
കനവിനൊക്കെയു,മപ്പുറം നീറിടും
മന,മബോധം തുടിക്കുന്ന ബിന്ദുവില്‍
നിന്നു,മെന്‍ ബോധവൃത്തത്തിലേയ്ക്കു നീ
നെയ്തിടും സ്പര്‍ശരേഖകള്‍, മണ്ണിന്റെ
ഹരിത ദാഹം കടമെടുക്കുന്നുവോ…?
പകരമായ്, ജന്മജന്മാന്തര തപ-
സ്സാര്‍ദ്ര മൌനതരംഗസൌരഭ്യ, മീ-
ഗാഢചുംബനം, (സ്നേഹം തുടക്കത്തില്‍
വെറുതെ, സ്നേഹമായ്, പിന്നെ,യന
ന്തമാ,മനുഭവങ്ങള്‍, പരസ്പര,മാശ്രിതം
രേഖകളുടെ ജീവിത,മാത്മാവിന്‍
മേഖലകളില്‍ ) കോറുന്ന വാക്കുകള്‍…
Filed under: കവിത | Tagged: ഗണിതം, ദാമ്പത്യം, പ്രണയം | 4 Comments »
Posted on April 17, 2008 by Raji Chandrasekhar
പാട്ടുകേള്‍ക്കെ,പ്പകയ്ക്കും ഞരമ്പുകള്‍
പൊട്ടി രക്തം പരക്കുന്നു, പാര്‍ക്കിലെ
ബഞ്ചിലെന്നും ശിരസ്സറ്റ രൂപങ്ങള്‍
നെഞ്ചിലാര്‍ക്കുന്നു ഭീതിതന്‍ പേക്കടല്‍
ഇല്ലെനിക്കൊരു പൊയ്മുഖം,കൂര്‍ത്തതാം
പല്ലുകള്‍ നീണ്ട നേര്‍മുഖം പോലുമേ..
നിന്റെ മുന്നില്‍ നിവര്‍ന്നു നിന്നാടുവാ-
നെന്റെ വേഷങ്ങള്‍, കണ്‍കെട്ടു മേളകള്‍
സ്വര്‍ണ്ണധൂമങ്ങളെന്റെ കോശാന്തര
വര്‍ണ്ണ,മാകെക്കുടിച്ചു ചീര്‍ത്തെങ്കിലും
അഗ്നിനാളങ്ങളെന്‍ ജീവകാഴ്ചകള്‍,
നഗ്നമാക്കിക്കരിച്ചു തീര്‍ത്തെങ്കിലും
ഉള്ളില്‍ നിന്നുമെന്‍ നിശ്വാസതാളങ്ങള്‍
തള്ളിനീക്കുന്ന കാലചക്രങ്ങളില്‍
കേന്ദ്രബിന്ദുവാ,യാരങ്ങളില്‍ നിന്റെ
സാന്ദ്രമൗനം മിടിക്കുന്നു നിത്യവും
കൊള്ളിവാക്കിന്‍ ചിരാന്ധമാം ജന്തുവിന്‍
കൊമ്പുകോര്‍ക്കെ,പ്പിടയ്ക്കു,മെന്‍പ്രാണനില്‍
ചേര്‍ത്തണയ്ക്കു നിന്‍ സിന്ദൂര കാന്തികള്‍
നേര്‍ത്ത ചുണ്ടാല്‍ തുടുക്കും പുലരിയും..
Filed under: കവിത | Tagged: കാമം, ജീവിതം, ദര്‍ശനം, ദാമ്പത്യം, പിണക്കം, ഭാര്യ, സ്നേഹം | 2 Comments »
Posted on April 15, 2008 by Raji Chandrasekhar
വിഷുപ്പുലരിയില്‍ വിളിച്ചുണര്‍ത്തുവാ-
നുഷസ്സുപോലെ നീ കുളിച്ചണയവെ
മല,മടിയില്‍ നിന്നൊരു കുളിര്‍തെന്നല്‍
അലയിളക്കി വന്നൊരുക്കിയെന്‍ മനം
“ഇതു പഴംകഥ”-യെനിക്കറിയില്ലെ-
ന്നതും കൂടി നിനക്കിനിയുരച്ചിടാം.
നിലവിളക്കുകളെരിയും വേദിയില്‍
നിലവിളികള്‍തന്‍ മരണഭേരിയും
നിലവറയ്ക്കകത്തമര്‍ന്ന തേങ്ങലും
നിലതെറ്റിപ്പിടഞ്ഞിമ നനയ്ക്കവെ
ചിരം സമാശ്വാസം കലര്‍ന്ന പുഞ്ചിരി-
ത്തിരകളായെന്നില്‍ കലമ്പിയാര്‍ത്തു നീ
വിരിഞ്ഞുലഞ്ഞു പൊന്‍കണിയൊരുക്കി നീ-
യരികിലങ്ങനെ,യണഞ്ഞിരിക്കവെ
മല മുകളിലുണ്ടൊരു ചിരിയുടെ
മലരണി മുകിലുരുമ്മി നില്‍ക്കുന്നു.
‘ഇതും പഴംകഥ” പകലൊടുങ്ങിപോല്‍
പുതു പുല്‍നാമ്പിലും പക പുകയുന്നൂ
ശിരസ്സിലിപ്പൊഴും ചുടുനിണവുമാ-
യിരയും തേടി വന്നടുക്കും ശത്രുവെ-
ത്തടുക്കുവാനെന്റെ,യൊടുക്കത്തെ,
യസ്ത്രംകടമെടുത്തു നീ, തൊടുക്കെന്നെന്നിലും..
മരിച്ചുവോ ശത്രു, പഴംകഥകളും
സ്മരിച്ചു ഞാനെന്റെ മിഴിയടച്ചിടാം..
20-5-1988
Filed under: കവിത | Tagged: ദാമ്പത്യം, പ്രണയം, ഭാര്യ, വിഷു | 2 Comments »
Posted on April 11, 2008 by Raji Chandrasekhar
നീയൊരു ശല്യ,മെന്നാരു ചൊല്ലീ….
പുല്‍നാമ്പും പൂക്കളും മേഘങ്ങളൊക്കെയും
പുല്‍കി വന്നെത്തിടും കൊച്ചു കാറ്റേ
ഞാറുകള്‍ നട്ടുനട്ടങ്ങു തളര്‍ന്നു മെയ്
ചേറണിഞ്ഞൊട്ടു വിയര്‍ത്തിടുമ്പോള്‍
വേഗേന വീശുന്നു വേര്‍പ്പിന്റെ തുള്ളിക-
ളാകവേ,യൊപ്പി നീ മാറ്റിടുന്നൂ
2-4-1985
Filed under: കവിത | Tagged: കാമം, ജീവിതം, ദര്‍ശനം, ദാമ്പത്യം, പിണക്കം, ഭാര്യ, സ്നേഹം | No Comments »
Posted on April 9, 2008 by Raji Chandrasekhar
ചില്ലു ജന്നാലതന്നപ്പുറമെത്തി നീ-
യെന്നെ വിളിക്കല്ലെ
മൂളിക്കറങ്ങുന്ന പങ്കയ്ക്കു താഴെ
വിമൂക,മിരിക്കുന്നവന്‍
ധ്യാനവിലീനമാം ചക്രവാളങ്ങളെ
തേടിപ്പുറപ്പെട്ടവന്‍
ഇന്നവനേതോ നിരാശതന്‍ കൈകളില്‍
ഞെങ്ങി ഞെരുങ്ങുന്നവന്‍
വേണ്ട വേണ്ടൊന്നുമെന്നോര്‍ക്കുവോന്‍
വേണ്ടാത്തവേദന പേറുന്നവന്‍
തിങ്ങു,മിരുളിന്റെ കോണില്‍ മാറാലകള്‍
കെട്ടിയൊരുക്കുന്നവന്‍
തന്റെ പുറന്തോടിനുള്ളിലായ് നീണ്ടൊരു
നിദ്രയും കാത്തിരിക്കെ
ചില്ലു ജന്നാലതന്നപ്പുറ,മെത്തി നീ-
യെന്നെ വിളിക്കല്ലെ
ഒന്നു മയങ്ങുവാനാശപേറുന്നവ-
നൊന്നുറങ്ങട്ടെ പോട്ടെ..
Filed under: കവിത | Tagged: ജീവിതം, ദര്‍ശനം, ദാമ്പത്യം, പിണക്കം, പ്രണയം, വിരഹം, സ്നേഹം | 1 Comment »
Posted on April 2, 2008 by Raji Chandrasekhar
നിബിഡാന്ധകാരത്തിലതിദിവ്യ ദീപമാ-
യകലുമെന്‍ ചേച്ചിയോടൊപ്പമെത്താന്‍
നിഴലുപോലകലാതെയൊപ്പം നടക്കുവാ-
നകതാരിലാശയുണ്ടെങ്കിലുമെന്‍
നിയതിയോ നിനവോയെന്നറിയില്ല പിറകോട്ടു
പകയോടെയെന്നെപ്പിടിച്ചു നിര്‍ത്തി
നിടിലത്തിലെരിതീ ജ്വലിക്കു,മുഷസ്സിലെ-
പ്പുകമഞ്ഞു കാറ്റിലലിഞ്ഞു തീര്‍ന്നൂ
നിമിഷവും കളയാതെ നിന്നെ ദര്‍ശിക്കുവാ-
നരികത്തണഞ്ഞു ഞാന്‍ ധന്യനായി
6-3-1987
Filed under: കവിത | Tagged: ആശച്ചേച്ചി, രാജലക്ഷ്മി, സൌഹൃദം | 4 Comments »
Posted on March 30, 2008 by Raji Chandrasekhar
നീയൊരു വാക്കെടുത്തെന്‍ നേര്‍ക്കു നീട്ടുന്നു
എന്താണിതിന്നര്‍ത്ഥമെന്നു ചോദിക്കുന്നു
ആരിതു, ടി,വീ,യില്‍….? ഷാറൂഖ്,കാജോളു-
മാടി,ത്തിമിര്‍ക്കുന്ന മാദക ഭംഗികള്‍
നേരിന്‍ നിറവാ,യരികിലെന്‍ ജീവിതം
നേടിയ ധന്യത, പാതിമെയ് പൂര്‍ണ്ണിമ.
എന്താണു വാക്കു, ഞാന്‍ മിഴി തെല്ലുയര്‍ത്തവെ
എത്തിനോക്കുന്നതെന്‍ ജീവാര്‍ത്ഥ ശങ്കകള്‍
കണ്ണു ചിമ്മുന്നുവോ, ദീപങ്ങ,ളുള്ളിലും
കത്തുന്നതര്‍ത്ഥ,മനര്‍ത്ഥമാം വ്യര്‍ത്ഥത.
എന്തുമാകട്ടെ’പരുന്തുമനുഷ്യനെ-
ന്നെത്തിയ വാക്കു ഞാന്‍ തട്ടിമൂളിക്കുന്നു
നീ ചിരിക്കുന്നു-ഇതെന്തര്‍ത്ഥമിങ്ങനെ?
നീളുന്നുപിന്തുണ-ഇതേട്ടന്റെ വേലയാ!
നീ വേല വയ്ക്കല്ലെന്നു വേഗം നിഘണ്ടു
നീളെ ഞാനര്‍ത്ഥം പരതുന്നു ചൊല്ലുന്നു
പാതയില്‍ വേഗം പകുക്കും മനസ്സുകള്‍
പാതിയില്‍ നിന്നതാണല്ല്ലല്ല നിര്‍ത്തി,നാ-
മാട്ടവും പാട്ടും കിനാക്കളും നമ്മള്‍ക്കു
നാമേ കുറിക്കുന്നു മംഗളാശംസകള്‍.
കാലം കറങ്ങാത്ത പങ്കയായ് നില്‍ക്കുമ്പോള്‍
കാണാത്തൊരര്‍ത്ഥങ്ങള്‍ തേടി നീപോകുന്നു.
Filed under: കവിത | Tagged: അനുജന്, അറിവില്ലായ്മ, ദാമ്പത്യം, വീട്, സംഭവം | 3 Comments »
Posted on March 20, 2008 by Raji Chandrasekhar
മാന്യ ബന്ധൂ,
ഉദ്ദിഷ്ടകാര്യസിദ്ധിക്കും കുടുംബസമാധാനത്തിനും സര്‍വ്വവിധ ഐശ്വര്യങ്ങള്‍ക്കും കടബാദ്ധ്യതകള്‍, വിദ്യാതടസ്സം, ശത്രുബാധ, രോഗദുരിതങ്ങള്‍ എന്നിങ്ങനെയുള്ള സര്‍വ്വവിധദോഷശാന്തിക്കുമായി ഒരു വര്‍ഷക്കാലം പക്കനാള്‍ തോറും സംവത്സരപൂജ നടത്തുകയാണ്.
കുടുംബദേവതയുടെ അനുഗ്രഹത്താല്‍ രൂപപ്പെട്ടിട്ടുള്ള പ്രത്യേക രീതിയിലാണ് പൂജ നടക്കുന്നത്. ഇതില്‍ അഷ്ടോത്തരശത മൃത്യുഞ്ജയാര്‍ച്ചന, ശ്രീ ലളിതാസഹസ്രനാമാര്‍ച്ചന, ശ്രീ വിഷ്ണുസഹസ്രനാമാര്‍ച്ചന എന്നിവയോടൊപ്പം പാരമ്പര്യമായി കൈമാറി വരുന്ന രഹസ്യ മന്ത്രാര്‍ച്ചനകളും ഉള്‍പ്പെടുന്നു.
ശ്രീ മൃത്യുഞ്ജയാര്‍ച്ചന…………………………………1001.00
ശ്രീ വിഷ്ണുസഹസ്രനാമാര്‍ച്ചന………………………5001.00
ശ്രീ ലളിതാസഹസ്രനാമാര്‍ച്ചന……………………5001.00
ഓരോരോ പൂജയ്ക്കായും ഒരുമിച്ചും ബുക്കു ചെയ്യാവുന്നതാണ്. ഒരുമിച്ചു ബുക്കു ചെയ്യുന്നവര്‍ 7001.00 രൂപ അയച്ചാല്‍ മതിയാകും.
എല്ലാ മാസവും അതതു നാളില്‍ പൂജ നടത്തി പ്രസാദം അയച്ചു തരുന്നതാണ്. (അതായത് പൂജ ചെയ്യേണ്ടുന്ന ആളുടെ നാള്‍ അശ്വതി ആണെങ്കില്‍ 12 മാസവും എല്ലാ അശ്വതി നാളിലും അദ്ദേഹത്തിന്റെ പേരില്‍ പൂജ ഉണ്ടായിരിക്കും.)
ഈ വര്‍ഷത്തെ സംവത്സരപൂജ 1183 മേടം 1 (2008 ഏപ്രില്‍ 14)-ന്‍ ആരംഭിക്കുന്നു.
പൂജയില്‍ സാന്നിദ്ധ്യം ആഗ്രഹിക്കുന്നവര്‍ ജനനത്തീയതി, സ്ഥലം, സമയം, മേല്‍വിലാസം എന്നിവയും അയയ്ക്കുക.
Raji Chandrasekhar,
Vyshnavam, Vetturoad,
Kaniyapuram P. O.,
Trivandrum - 695301
എല്ലാവര്‍ക്കും ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
അമ്മയുടെ തൃക്കാല്ക്കല്‍ ഭക്തി പൂര്‍വ്വം
ശ്രീ അഞ്ചേരി പുതിയകാവിലമ്മ ദേവസ്ഥാനം പ്രവര്‍ത്തകര്‍…
Filed under: Invitation | 6 Comments »
Posted on March 16, 2008 by Raji Chandrasekhar
വാക്കിന്‍
കനല്‍ക്കട്ട പൊള്ളുന്നു
നാളങ്ങളാളുന്നു
കത്തുന്ന മണ്ണിന്റെയാത്മാവില്‍
നീര്‍ വീഴ്ത്തുവാന്‍
മേലെ മേഘങ്ങളെത്തുന്നു
ഇപ്പോഴുമേതോ വികാരം തുടിക്കും
ഇലപ്പച്ച വേറിട്ടു കാണാം
മിഴിക്കോണു മിന്നിത്തിളങ്ങുന്നു
വാക്കിന്‍ കനല്‍ക്കട്ട പൊള്ളുന്നു
നാളങ്ങളാളുന്നു
2
നിന്‍ മന്ദഹാസക്കഠാരത്തിളക്കങ്ങളെന്‍
കണ്ണു കുത്തിത്തുളയ്ക്കുന്നു
നീളുന്നു,
ആഴത്തിലോരോ ഞരമ്പും
മുറിച്ചാഴ്‌ന്നിറങ്ങുന്നു.
വാക്കിന്‍ ജ്വലിക്കും കനല്‍ക്കട്ടമേല്‍വച്ചതിന്‍
തുണ്ടരക്കായുരുക്കുന്നു,
ഒരോമല്‍ക്കിനാവിന്റെ
രൂപങ്ങള്‍ തീര്‍ക്കു-
ന്നൊരുക്കു,ന്നൊടുങ്ങാത്തൊരെന്‍ മൂകത-
യ്ക്കര്‍ത്ഥബോധങ്ങളൂതിത്തെളിക്കുന്നു
3
നീ കണ്ണിമയ്ക്കാതെ നോക്കൂ
മറയ്ക്കുന്ന മഞ്ഞിന്‍ പുതപ്പൊന്നു നീക്കൂ
നിരപ്പുള്ളൊരിത്താണ ഭൂമിയ്കുമേ-
ലാത്മമിത്രങ്ങള്‍,(ശത്രുക്കളും)
നൃത്തമാടിത്തകര്‍ക്കുന്നു
കാലൊച്ചപോലും
ഭയാക്രാന്ദനെന്നെക്കടന്നാക്രമിക്കുന്നു
രക്തം തെറിക്കുന്നു
4
വീട്ടിന്നകത്തെസ്സ്വകാര്യത്തില്‍ നീ
നിന്‍ ചെടിപ്പും മടുപ്പും മറക്കാ-
നുടുപ്പൊക്കെ,യോരോന്നഴിക്കുന്ന നേരത്ത്
കണ്ണാടി,യേതോ നിഴല്‍ത്തീയി-
ലാകെ വിറയ്ക്കുന്നു
നാണം ഞടുങ്ങുന്നു
ഞെട്ടിത്തിരിഞ്ഞൂ
തെരെഞ്ഞൊന്നു നോക്കുന്നതിന്‍
മുന്‍പതാരെന്നറിഞ്ഞൂ
കരള്‍ക്കാമ്പിലേതോ തിരക്കോളിളക്കം
തിരക്കുന്നു നീയുണ്മ
5
തീജ്ജ്വാല തത്തിക്കളിക്കുന്നു
നീയിന്ദ്രചാപം കുലയ്ക്കുന്നു
നീയിന്ദ്രജാലം ചമയ്ക്കുന്നു
വാഴ്‌വിന്റെ കോലങ്ങള്‍ കെട്ടുന്നു
നിശ്ശബ്ദശങ്കാവിഷാദം നിശീഥങ്ങ,ളേകാന്ത യാമങ്ങ-
ളെന്നൊപ്പ,മാടുന്നു.
Filed under: കനല്‍ക്കട്ടകള്‍, കവിത | Tagged: ദാമ്പത്യം, പ്രണയം | No Comments »